മധുര: തമിഴ്നാട്ടില്‍ പോലീസ് കസ്റ്റഡിയിലെ മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച ദളിത് യുവാവിന്റെ മൃതദേഹം സംസ്കരിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ച ആകാശി (26)ന്റെ മൃതദേഹമാണ് കനത്ത സുരക്ഷയില്‍ ഇന്നലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിച്ചത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് യുവാവ് മരിച്ച് 101 ദിവസത്തിനു ശേഷം അന്ത്യകര്‍മങ്ങള്‍ നടന്നത്.
ആകാശിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് മൂന്ന് മാസത്തിലേറെയായി മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബാംഗങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. ഈ മാസം 15നകം കുടുംബം മൃതദേഹം ഏറ്റുവാങ്ങിയില്ലെങ്കില്‍ മാന്യമായ രീതിയില്‍ സംസ്കാരം നടത്താന്‍ പ്രാദേശിക ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇത് പാലിക്കപ്പെടാത്തതിനെത്തുടര്‍ന്ന് ഇന്നലെ മധുര ജില്ലാ കളക്ടർ, കോര്പറേഷന് കമ്മീഷണര്‍, ആശുപത്രി അധികൃതര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.